
എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലെ കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഭിവാൻഡി സ്വദേശിയായ മുഹമ്മദ് സൽമാൻ അലം അനത് ഉൾ ഹഖ്(20) എന്ന യുവാവാണ് അറസ്റ്റിലായത്. ധാരാവിയിൽ താമസിക്കുന്ന കുട്ടിയെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഒരു ഗോഡൗണിലെ ജോലിക്കാരനായ പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയി ശ്മശാനത്ത് വച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടി നിലവിളിച്ചതോടെ തല തറയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചോക്ലേറ്റും പലഹാരങ്ങളും നൽകി വിശ്വാസം ആർജ്ജിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയതെന്ന് പാെലീസ് പറഞ്ഞു. ഒരു സുഹൃത്തിനെ കാണാനായി എത്തിയപ്പോഴാണ് പ്രതി കുട്ടിയെ കാണുന്നതും കൊടുംക്രൂരത ചെയ്തതും.
പ്രദേശവാസികളാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുന്നതും പൊലീസ് പിടികൂടുന്നതും.











